ഞാൻ എസ്. രമേശ് (രമേശ്ബാബു). സ്വദേശം കണ്ണൂർ ജില്ലയിലെ ധർമ്മടം ഗ്രാമപ്പഞ്ചായത്തിലെ മേലൂർ ദേശത്താണ്. 2002-ൽ ആരോഗ്യ വകുപ്പിൽ (ഹോമിയോപ്പതി) ജോലിയിൽ പ്രവേശിച്ച ഞാൻ 2020 മെയ്മാസം സർവ്വീസിൽ നിന്നും വിരമിച്ചു. കുറെക്കാലമായി ഒരു വെബ്സൈറ്റ് എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. ഓണ്ലൈനായി വെബ്ഡിസൈനിങ്ങ് പഠിച്ചു. ഒരു സൈറ്റ് നിർമ്മിച്ചു. അക്ഷരം വെബ്സൈറ്റ് എന്ന പേരിൽ - അസുഖത്തോടെ അത് നിർത്തേണ്ടിവന്നു. ഇപ്പോൾ നിങ്ങളുടെ സമക്ഷം പുതിയ വെബ്സൈറ്റ് സമർപ്പിക്കുന്നു. 1980-മുതലാണ് ഞാൻ കഥകൾ എഴുതിത്തുടങ്ങിയത്. ആ വർഷം തന്നെ രണ്ട് കഥകൾ വീക്ഷണം വരാന്തപ്പതിപ്പിലായി അച്ചടിച്ചുവന്നു. അതായിരുന്നു തുടക്കം. 5 വർഷം തുടർന്നെഴുതി. കോളജ് പ്രീഡിഗ്രി പഠനക്കാലത്ത് കഥാരചന മത്സരത്തില് രണ്ടാം സ്ഥാനക്കാരനായി. ഭാഷാ പി.ജി വിദ്യാർത്ഥികൾ അടക്കം പങ്കെടുത്ത മത്സരം. ഞാൻ പങ്കെടുത്ത ആദ്യത്തേയും അവസാനത്തേയും മത്സരം. എന്റെ ആദ്യത്തെ കാല്വെപ്പ് കവിതയിലായിരുന്നു. ക്ഷണിക്കപ്പെട്ട വേദികളിൽ കവിതകൾ വായിച്ചു. പിന്നീടെപ്പോഴോ ഞാൻ കഥയിലേക്ക് ചുവടുവെച്ചു. എല്ലാറ്റിനും പിറകിൽ മലയാള അദ്ധ്യാപികയായ അമ്മയായിരുന്നു. അമ്മയുടെ അസുഖത്തോടെ എഴുത്തുജീവിതം ഭാഗികമായി നിലച്ചു. എഴുതിയവ പലതും നഷ്ടപ്പെട്ടു. മുഴുവൻ സമയം അമ്മയെ പരിചരിച്ചു. എന്റെ സാഹിത്യജീവിതത്തിന് വെള്ളവും വളവും നല്കി വളർത്തിയ അമ്മ വയ്യാതെ കിടക്കുമ്പോൾ എനിക്കെങ്ങിനെയാണ് എഴുതാൻ കഴിയുക. 1986 ജൂണിൽ അമ്മ വിട്ടുപിരിഞ്ഞു. അമ്മയുടെ വിയോഗത്തോടെ മനസ്സിൽ ആകെയൊരു ശൂന്യതയായിരുന്നു. പല ജോലികളും ചെയ്തു. 1999-ൽ ഞാൻ വിവാഹിതനായി. 2010-ൽ വീണ്ടും എഴുതിത്തുടങ്ങി. അപ്പോഴേക്കും ഭാഷ നഷ്ടപ്പെട്ടു പോയിരുന്നു. നിർത്താതെയുള്ള വായന എന്നെ വീണ്ടും ഭാഷയിലേക്ക് തിരികെക്കൊണ്ടുവന്നു. വീണ്ടും ഇടിത്തീയായി ഞാന് രോഗബാധിതനായി. എഴുതിത്തുടങ്ങിയ നോവൽ പകുതിയായതേയുള്ളു. തുടര്ന്ന് 2011-ജനുവരിയിൽ എന്നെ തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കൽ സയന്സിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും ശസ്ത്രക്രിയയിലൂടെ കഷ്ടിച്ച് മരണത്തില്നിന്നും രക്ഷപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ എനിക്ക് എഴുതിപ്പകുതിയാക്കിയ നോവൽ നഷ്ടപ്പെട്ടുപോയിരുന്നു. 2012-ൽ ഞാൻ വീണ്ടും എഴുതിത്തുടങ്ങി. ആദ്യനോവൽ'കാൽപ്പാടുകൾ' 2013-ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് 2014-ൽ- 'മുള്ള്മരങ്ങൾ' 2015-ൽ 'അയാൾ ഉറങ്ങുകയാണ്' 2018-ൽ 'ജന്മാന്തരങ്ങൾക്കുമപ്പുറം' തുടങ്ങിയവ പ്രസിദ്ധീകരിച്ചു. 5ാമത് പുസ്തകം കൊറോണ കാരണം പ്രസിദ്ധീകരണം തടസ്സപ്പെട്ടു. 5ാമത് പുസ്തകം 'നാലാമതൊരാൾ' ആമസോണിൽ പ്രസിദ്ധീകരിച്ചു. വേദന അവിടേയും തീർന്നില്ല. അമ്മയ്ക്ക് ശേഷം എനിക്ക് പിൻബലം തന്നിരുന്നത് എന്നെ ഹൈസ്ക്കൂളിൽ മലയാളം പഠിപ്പിച്ച ശ്രീമതി.രുഗ്മിണി ടീച്ചറായിരുന്നു. സർവ്വീസിൽ നിന്നും പിരിയുമ്പോൾ ടീച്ചറെ കാണാൻ പോകണമെന്ന് തീരുമാനിച്ചിരുന്നു. എന്റെ അഞ്ചാമത്തെ നോവലിന്റെ പ്രകാശന ചടങ്ങിന് ടീച്ചറെ ക്ഷണിക്കാൻ പറഞ്ഞിരുന്നു. ടീച്ചർ പറഞ്ഞില്ലെങ്കിൽപ്പോലും മനസ്സിൽ അതുണ്ടായിരുന്നു.'എന്റെ പുസ്തകം ടീച്ചറെക്കൊണ്ട് പ്രകാശിപ്പിക്കണമെന്ന്'. പക്ഷെ ചടങ്ങ് കൊറോണയെന്ന മഹാവ്യാധി കാരണം നടന്നില്ല. അതിനുമുന്പെ എനിക്ക് അനുഗ്രഹവും തന്ന് ടീച്ചർ എന്നെ തനിച്ചാക്കി പടി കടന്ന് പോയിരുന്നു.